ഹിപ്നോസിസ് , ഹിപ്നോട്ടിസം , എന്നെല്ലാം കേൾക്കുമ്പോൾ പലരും അതിനു അലൗകിക പരിവേഷമാണ് കല്പ്പിക്കുന്നത് . മന്ത്രവാദം , ജാലവിദ്യ , കണ്‍കെട്ട് , തുടങ്ങിയ രീതിയിലാണ്‌ അതിനെ കാണുന്നത് . ഇതിന്റെ ഒരു പ്രധാന കാരണം സ്റ്റേജ് ഷോ (stage  show) കളാണ് . മാന്ത്രികൻ അല്ലെങ്കിൽ ജാലവിദ്യക്കാരൻ, കാണികളിൽ ഒരാളെ വിളിച്ച് , ചില ഉച്ചാരണങ്ങളും അംഗവിക്ഷേപങ്ങളും (Gestures) കൊണ്ട് അയാളെ മയക്കി ആജ്ഞകൾ അനുസരിപ്പിക്കുകയും കോമാളി കളിപ്പികുകയും ചെയ്യുന്ന വിഭാവന / ചിത്രം . അതല്ലെങ്കിൽ , സിനിമയിലും ടെലിവിഷനിലും മറ്റും കാണുന്ന ദൃശ്യങ്ങൾ - ഒരാളെ മയക്കിക്കിടത്തി അയാളുടെ മനസ്സിലെ രഹസ്യങ്ങൾ ചോർത്തിയെടുക്കൽ. ഇതെല്ലാം ഹിപ്നോട്ടിസത്തെയും , ഹിപ്നോസിസിനെയും പറ്റി തെറ്റായ ധാരണകൾ ഉണ്ടാക്കുന്നു . 

ഹിപ്നോസിസ് പലരും കേട്ടിട്ടുള്ള ഒരു വാക്കാണ്‌ . പലരും അതിനെപ്പറ്റി വായിച്ചിട്ടുണ്ടാകും , സ്റ്റേജിൽ കണ്ടിട്ടുണ്ടാകാം . എന്നാൽ ഹിപ്നോസിസ് രോഗചികിത്സയിൽ ഉപയോഗപ്പെടുത്താമെന്നുള്ളത് മിക്കവർക്കും പുതിയ അറിവായിരിക്കും . ഹിപ്നോസിസ് ഉപയോഗിച്ചുള്ള ചികിത്സാരീതിക്ക് ഹിപ്നോതെറാപ്പി എന്ന് പറയുന്നു .
ഹിപ്നോസിസ് , അഥവാ മോഹനിദ്ര , രോഗങ്ങളുടെ മൂലകാരണങ്ങളിലേക്ക്  ഇറങ്ങി ചെല്ലാനും ഉത്ഭവസ്ഥാനത്ത്  നിന്ന്  അവയെ ഉന്മ്മൂലനം ചെയ്യാനും സഹായിക്കുന്നു . വളരെ സമർഥമായ ഉപാധിയാണ് എന്ന് അധികം പേര്ക്കും അറിയില്ല . ഇന്ത്യൻ മനോരഗവിദഗ്തർ  (psychartrists) പോലും ഹിപ്നോതെറാപ്പിയുടെ ചികിത്സാ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടില്ല . മാത്രമല്ല അതിനെപറ്റി അറിയാനും സാധ്യതകളെ പ്രയോഗികമാക്കാനും ശ്രമിക്കുന്നില്ല .
നമ്മുടെ  എല്ലാ പ്രശ്നങ്ങളും മനസ്സിൽ നിന്നുണ്ടാകുന്നതാണ് , അതിനാൽ അവയുടെ പരിഹാരവും മനസ്സിൽ നിന്നും തന്നെ ഉണ്ടാക്കാൻ കഴിയും . ഇതാണ് ഹിപ്നോതെറാപ്പിയുടെ ആധാരം . ഇവിടെ മനസ്സിനെ രണ്ടു അവബോധതലങ്ങളായാണ്  സങ്കൽപ്പിചിരിക്കുന്നത് . ബോധമനസ്സ് (Conscious  MInd)എന്നും ഉപബോധ മനസ്സ് (Subconscious  MInd) എന്നും . എന്നും നമ്മൾ ഉണർന്നിരിക്കുമ്പോൾ നമ്മുടെ പ്രവർത്തികളെ നിയന്ത്രിക്കുന്നത്‌ ബോധമനസ്സ് ആണ് . നമ്മൾ ഉറങ്ങുമ്പോഴും ഹിപ്നോട്ടിക് നിദ്രയിൽ ആയിരിക്കുമ്പോഴും ആ നിയന്ത്രണം ഉപബോധമനസ്സ് ഏറ്റെടുക്കുന്നു . ഉറങ്ങുമ്പോൾ ബോധമനസ്സ് ഉറങ്ങുന്നു അതിനാൽ അപ്പോൾ നമുക്ക് ഒന്നും കേൾക്കാനോ മനസ്സിലാക്കാനോ കഴിയുന്നില്ല പക്ഷേ മോഹനിദ്രയിലായിരിക്കുമ്പോൾ ബോധമനസ്സ്  ഉറങ്ങുന്നില്ല .
ഉപബോധമനസ്സ് ഒരു കലവറയാണ് . നമ്മുടെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളുടെയും ഓർമ്മകൾ എത്രകാലം മുന്പത്തെതായാലും - നമ്മുടെ ഉപബോധമനസ്സിൽ സൂക്ഷിച്ചിട്ടുണ്ട് . ഹിപ്നോട്ടിക് അവസ്ഥയിൽ ആ ഓർമകളിലേക്ക് പോകാനും അവയുടെ പ്രതികൂൂല പ്രഭാവത്തെ നീക്കി അനുകൂല മാറ്റങ്ങൾ കൊണ്ടുവരാനും കഴിയും . ഈ കഴിവാണ്  ഹിപ്നോതെറാപ്പിയിൽ ഉപയോഗപ്പെടുത്തുന്നത് .
          സാധാരണ ജനങ്ങൾക്ക്‌ ഹിപ്നോസിസ് സ്റ്റേജിൽ കാണുന്ന ഇന്ദ്രജലമോ മറ്റുള്ളവരെ തന്റെ ചൊൽപ്പടിക്കു നിർത്താനും അനുസരിപ്പിക്കാനുമുള്ള ഒരു കണ്‍ കെട്ട് വിദ്യയോ യാണ് തോന്നുക . അതിനാൽ അതിനെപ്പറ്റി പേടിയും ആശങ്കയും ഉണ്ടാകുന്നു . എന്നാൽ ഹിപ്നോസിസ് ഉപയോഗിച്ചുള്ള ചികിത്സാ - ഹിപ്നോതെറാപ്പി - ഇതിൽ നിന്നും വ്യത്യസ്തമാണ് . മങ്ങിയ വെളിച്ചമുള്ള ശാന്തമായ മുറിയിലാണ് സാധാരണ ഹിപ്നോതെറാപ്പി ചെയ്യുന്നത് . പശ്ചാത്തലത്തിൽ സോഫ്റ്റ്‌ മ്യൂസിക്‌ ആകാം . അങ്ങനെയുള്ള ശാന്ത അന്തരീക്ഷത്തിൽ ചികിത്സകൾ ചില നിർദേശ്ശങ്ങളിലൂടെ രോഗിയെ ഹിപ്നോട്ടിക് അവസ്ഥയിൽ എത്തിക്കുന്നു . ഈ അവസ്ഥയിൽ ശരീരം നല്ല വിശ്രമാവസ്ഥയിൽ (Relaxed State)ആയിരിക്കും . മനസ്സ് ശാന്തമായിരിക്കും , ചിന്താമുക്തമായിരിക്കും നിർദേശ്ശങ്ങൾ സ്വീകരിക്കാനുള്ള മനസ്സിന്റെ ക്ഷമത (receptivity) വളരെ കൂടിയിരിക്കും . അതിനാൽ ആ സമയത്ത്  കൊടുക്കുന്ന നിർദേശ്ശങ്ങൾ  എലിപ്പത്തിൽ സ്വീകരിക്കപ്പെടും .
       ഹിപ്നോസിസ് പ്രകൃതിദത്തമായ ഒരു അവസ്ഥയാണ്‌ .(Natural  state ) ഉറക്കം പോലെ തന്നെ . നമ്മൾ എല്ലാവരും ഓരോ ദിവസവും പല പ്രാവശ്യം ഈ അവസ്ഥയിലേക്ക് പോകുന്നുണ്ട് . ഉദാഹരണത്തിന് . - ടി . വി കാണുമ്പോൾ , ദിവാസ്വപ്നത്തിൽ ആയിരിക്കുമ്പോൾ , ഇഷ്ട്ടപ്പെട്ട ഒരു സംഗീതത്തിൽ ലയിച്ചിരിക്കുമ്പോൾ , അങ്ങിനെ പല അവസരങ്ങളിലും നമ്മൾ ഒരുതരം മോഹനിദ്രയിലായിരിക്കും . പക്ഷേ അതെല്ലാം  വളരെ കുറച്ചു സമയം മാത്രമേ നീണ്ടു നിൽക്കുന്നുള്ളൂ . ചെറിയകുട്ടികൾ മിക്ക സമയവും അവർ വിഭാവനം ചെയ്യുന്ന ഒരു മായാലോകത്ത് / സ്വപ്ന ലോകത്ത്  അതായതു ഒരു ഹൈപ്നോടിക് അവസ്ഥയിൽ , ആണ് കഴിയുന്നത്‌ . ഹിനോട്ടിസം ചെയ്തു ഒരാളെ കൂടുതൽ ആഴത്തിലുള്ള ഹിപ്നോട്ടിക് നിദ്രയിൽ കൊണ്ടുപോകാനും ആ അവസ്ഥയിൽ കൂടുതൽ സമയം നിലനിർത്താനും , ആ സമയത്ത്  ഉചിതമായ നിർദേശ്ശങ്ങളിൽ കൂടി അവർ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗുണകരമായ (Positive) മാറ്റങ്ങൾ അവരുടെ കാഴ്ചപ്പാടിലും പെരുമാറ്റത്തിലും കൊണ്ടുവരാനും  കഴിയും . രോഗിയുടെ സമ്മതത്തോടുകൂടി ചെയ്താൽ മാത്രമേ ഹിപ്നോതെറാപ്പിയുടെ മുഴുവൻ ഗുണവും ലഭിക്കുകയുള്ളൂ . 
    ഹൈപ്നോട്ടിസം എന്ന് കേൾക്കുമ്പോൾ ആദ്യം ഒരു ജിജ്ജാസ , പിന്നെ പേടി , ഉൽക്കണ്ഠ എന്നിവയാണ് സാധാരണക്കാരന്റെ മനസ്സിൽ (Layman)വരുക. ഹിപ്നോസിസ് ഉറക്കമാണ് എന്നതാണ് പലരുടെയും ധാരണ . അപ്പോൾ ഒന്നും കേൾക്കാനോ മനസ്സിലാക്കാനോ കഴിയില്ല എന്നാണ് . എന്നാൽ ഹിപ്നോസിസിൽ ബോധമനസ്സ് ഉറങ്ങുന്നില്ല എന്നതാണ് വാസ്തവം . അതിനാൽ ചികിത്സകൻ പറയുന്നതെല്ലാം  കേൾക്കുകയും അതനിസരിച്ചു പ്രതികരിക്കുകയും ചെയ്യും . കൂടാതെ മോഹനിദ്രയിൽനിന്നും ഉണരുമ്പോൾ , ആ അവസ്തയിലയിരിക്കുമ്പോൾ പറഞ്ഞതും കേട്ടതും മിക്കപ്പോഴും ഓർമയുണ്ടായിരിക്കും .
     ഹിപ്നോസിസ്  ഉപയോഗിച്ചുള്ള ചികിൽസ പല ആദിവാസി സമൂഹങ്ങളിലും (Tribal Communities) പ്രചലിതമായിരുന്നു . - ഈ പേരിൽ അറിയപ്പെട്ടിരുന്നില്ല എന്ന് മാത്രം . അവരുടെ പൂജാരി (Shaman) അല്ലെങ്കിൽ വൈദ്യൻ (medicine Man ) മോഹനിദ്രപോലെ ഒരു മയക്കം സൃഷ്ടിച്ചു രോഗചികില്സ നടത്തിയിരുന്നതായി കേട്ടിട്ടുണ്ട് . പക്ഷേ ആധുനിക വൈദ്യ ശാസ്ത്രത്തിൽ ആദ്യമായി ഹിപ്നോസിസ് ചികിത്സയിൽ ഉപയോഗിച്ചത് യുറോപ്പിലെ Franz Anton  Mesmer  എന്ന ഡോക്ടർ ആണ് . അദ്ദേഹത്തിന്റെ പേരിൽ നിന്നാണ്  മെസ്മെറിസം (Mesmerism) എന്ന പദം വന്നത് . ചികിത്സാ സമയത്ത്  രോഗിക്കുണ്ടാകുന്ന മയക്കത്തിന്റെ അവസ്ഥയ്ക്ക് ഹിപ്നോസിസ് (Hypnosis) എന്ന പേര് കൊടുത്തത് സ്കോട്‌ലാന്റിലെ ഡോ. ജെയിംസ് ബ്രൈയ് ഡ്  (Dr . James Braid) എന്ന സർജനാണ് . ഉറക്കത്തിന്റെ ദേവതയായ ഹിപ്നോസ് (hypnos) ൽ നിന്നാണ് ഹിപ്നോസിസ് എന്ന വാക്ക് ഉറവെടുക്കുന്നത് .
    ആധുനിക ചികിത്സാരീതിയിൽ ഓരോ പ്രശ്നവും ശരീരെത്തിന്റെയോ മനസ്സിന്റെയോ മാത്രമായി വെവ്വേറെ കണ്ട്, അതിന്റെ പ്രകടമായ ലക്ഷണങ്ങളെ (Symptoms) നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത് . രോഗലക്ഷണങ്ങളുടെ ആധാരത്തിൽ ശരീരത്തിലെ അസ്വസ്ഥതകളെയും പെരുമാറ്റത്തിൽ അപ്പോൾ പ്രകടമാകുന്ന വൈകല്യങ്ങളെയും (Disorders) മാത്രമാണ് മാറ്റാൻ കഴിയുന്നത്‌ . ഇവിടെ ലക്ഷണങ്ങളുടെ , അല്ലെങ്കിൽ അവയിൽ കൂടി Diagnose  ചെയ്യുന്ന രോഗത്തിന്റെ അടിസ്ഥാനത്തിൽ ഒരു ചികിത്സാരീതി (Common  Treatment  Pattern) യാണ് സ്വീകരികരിക്കുന്നത് . അതിനനുസരിച്ച് മരുന്നുകള നല്കുന്നു . രോഗികളുടെ വ്യക്തിത്വത്തെ - വൈകാരികവും , മാനസികവും , ആധ്യാന്മിക കാഴ്ചപ്പാടുകളും , വിശ്വാസങ്ങളും - അവഗണിക്കുന്നു അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാതായാലും പലപ്പോഴും പൂർണ ആരോഗ്യം തിരിച്ചുകിട്ടുന്നില്ല . എന്തെന്നാൽ , പല രോഗങ്ങളിലും പ്രത്യേകിച്ചും മാനസ്സിക പ്രശ്നങ്ങൾ , സൈക്കൊസോമാറ്റിക്  (psychosomatic) പ്രശ്നങ്ങൾ മുതലായവയിൽ രോഗിയുടെ വികാരങ്ങളും , ധാർമിക വിശ്വാസങ്ങൾ , മൂല്യങ്ങൾ, വളർന്നു വന്ന സാഹചര്യങ്ങൾ , തുടങ്ങിയവയും രോഗിയുടെ പെരുമാറ്റത്തെയും 

ചികിത്സയോടുള്ള പ്രതികരണ (Response) ത്തെയും കാര്യമായി സ്വാധീനിക്കുന്നതായിരിക്കും . അതായത്  , ശരീരവും മനസ്സും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു . അതിനാല ഒന്നിനെ മാറ്റി നിർത്തി ഒന്നിനെ മാത്രം പരിഗണിച്ച് , മരുന്നുപയോഗിച്ചു മാത്രമുള്ള ചികിത്സ പലപ്പോഴും പൂർണ ഫലം ചെയ്യുന്നില്ല . ( കൂടാതെ പലമരുന്നുകൾക്കും ക്ലേശകരമായ പാർശ്വഫലങ്ങൾ കാണുന്നുണ്ട് ).
   അതിനാൽ, മനസ്സിനെയും ശരീരത്തെയും അവയുടെ പരസ്പര ബന്ധത്തെയും (Mind Body Relationship) അംഗീകരിച്ചുള്ള ഒരു ഹോളിസ്റ്റിക് ആയ സമീപനം (Holistic approach) ആണ് ആവശ്യം . അങ്ങനെയുള്ള ഒരു സമീപനമാണ് ഹിപ്നോതെറാപ്പിയിൽ സ്വീകരിക്കുന്നത്‌. 

ഹിപ്നോതെറാപ്പി
    ഹിപ്നോതെറാപ്പിയിൽ ആദ്യം രോഗിയെ അഗാധമായ ഹിപ്നോട്ടിക് അവസ്ഥയിൽ എത്തിക്കുന്നു . ചില നിർദേശങ്ങളിൽ കൂടിയോ , പെന്റുലം (Pendulum) തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയോ ഇതു സാധിക്കുന്നതാണ് . അതിനുശേഷം പ്രശ്നത്തിന്റെ കാരണമായ നെഗറ്റീവ് ചിന്തകളെ മാറ്റി പോസിറ്റീവ് ആയ കാഴ്ചപ്പാട് സൃഷ്ടിക്കുന്നതിനു ഉചിതമായ നിർദേശങ്ങൾ (suggestions) കൊടുക്കുന്നു . അതിനു ശേഷം ഹിപ്നോട്ടിക് നിദ്രയിൽനിന്നും ഉണരാനുള്ള   നിര്ദേശം കൊടുക്കുന്നു .ഹിപ്നോടിക് അവസ്ഥയിൽ കൊടുക്കുന്ന നിർദേശങ്ങൾ രോഗി ഒട്ടും എതിർപ്പില്ലാതെ സ്വീകരിക്കുകയും , അതിനനുസരിച്ച് ഗുണകരമായ മാറ്റങ്ങൾ രോഗിയുടെ കാഴ്ചപ്പാടിൽ (perception) വരുകയും ചെയ്യുന്നു . ഹിപ്നോസിസിൽ നിന്നും ഉണരുമ്പോൾ ഈ പുതിയ കാഴ്ചപ്പാട് ഫലം ചെയ്യുകയും രോഗിയുടെ അവസ്ഥയിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ പ്രകടമാവുകയും ചെയ്യുന്നു . അതോടെ പ്രശ്നം മാറുന്നു . രോഗിയുടെ മനസ്സ് തന്നെയാണ് ഇതിൽ പ്രവർത്തിക്കുന്നത് . ചികിത്സകൻ , അതിനെ സഹായിക്കാൻ വേണ്ട നിർദേശങ്ങൾ കൊടുത്തു രോഗിയുടെ മനസ്സിനെ ആ ദിശയിലേക്കു നയിക്കുക മാത്രമാണ് ചെയ്യുന്നത് . അതിനാൽ രോഗശമനത്തിൽ രോഗിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ് . അതുകൊണ്ട് തന്നെ രോഗിയുടെ സമ്മതവും , സഹകരണവും ചികിത്സയുടെ വിജയത്തിന്  അത്യന്തം ആവശ്യമാണ് .
  ഈ ചികിത്സയുടെ ഒരു പ്രധാന ആകർഷണം ഇതിൽ മരുന്നുകൾ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് . പ്രശ്നത്തെ ഉത്ഭവസ്ഥാനത്ത് നിന്നും നേരിടുന്നതിനാൽ അതിന്റെ ഫലം ദീർഖകാലത്തേക്ക്  സ്ഥായിയായി നിലനില്ക്കുന്നു .

ഹിപ്നോതെറാപ്പി ഉപയോഗിച്ച് പല തരത്തിലുള്ള മാനസികവും ശാരീരികവും ആയ പ്രശ്നങ്ങൾ പൂർണ്ണമായും മാറ്റാൻ അല്ലെങ്കിൽ നിയന്ത്രിക്കാൻ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട് . ഉദാഹരണത്തിന് അകാരണമായ പേടികൾ , ഉൽക്കണ്ഠ (Anxiety) , ടെൻഷൻ , വിഷാദം (Depression) ; വേദനകൾ - സന്ധി വേദന , നടുവേദന , മൈഗ്രേൻ ; പൈൽസ്  (piles) , കാൻസർ തുടങ്ങിയ രോഗങ്ങളനുബന്ധിച്ച വേദനകൾ ; ശസ്ത്രക്രിയ , പല്ലെടുക്കൽ , ഒടിവ് , ചതവ് , പൊള്ളൽ തുടങ്ങിയവയുടെ വേദനകൾ , സ്ത്രീകളിൽ ആർത്തവ സമയത്തെ വേദന , പ്രസവ വേദന , എന്നിവ ; കുട്ടികളിലെ അമിത ഭയം , പേടികൾ , ദേഷ്യം ഉറക്കത്തിൽ കിടന്നു മൂത്രമൊഴിക്കൽ (Bed  Wetting) , പഠിക്കാനുള്ള പ്രശ്നങ്ങൾ , പരീക്ഷാപേടി മുതലായവ ; ദീർഘ കാലമായി മാറാതെ നില്ക്കുന്ന ചില രോഗങ്ങളിലും (chronic  diseases ) 
ഹിപ്നോതെറാപ്പി ഫലം ചെയ്യുതായി കണ്ടിട്ടുണ്ട് .
   ഉദാ :- ആസ്ത്മ , സോറിയാസിസ് (psoriasis), ചില അലർജികൾ തുടങ്ങിയവ കൂടാതെ , മദ്യപാനം , പുകവലി , മയക്കുമരുന്നിന്റെ ഉപയോഗം മുതലായവയും ഹിപ്നോതെറാപ്പി കൊണ്ട് ചികിത്സിച്ചു മാറ്റാവുന്നതാണ് . Withdrawal  Symptoms ഇല്ലാതെ ഇതുകൂടി ചെയ്യാൻ പറ്റുന്നുണ്ട് .
     ചില വികാരപരവും (emotional) , മാനസികവുമായ പ്രശ്നങ്ങൾ , കുട്ടിക്കാലത്തെ തിക്ത്താനുഭാവങ്ങളിൽ നിന്നും ഉടലെടുത്തതാകാം .
   ഉദാ :- കുട്ടിക്കലത്തുണ്ടായ പീഡനങ്ങൾ , മാതാപിതാക്കളുടെ വേർപാട്‌ , അല്ലെങ്കിൽ വിവാഹ മോചനം , അതിൽ നിന്നും ഉണ്ടാകുന്ന കുട്ടിയുടെ അരക്ഷിതാവസ്ഥ (insecurity feeling) തുടങ്ങിയവ . അങ്ങനെയുള്ള പ്രശ്നങ്ങളിൽ അവയുടെ മൂല കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്  ഉത്ഭവസ്ഥാനത്ത് നിന്നും അവയെ നേരിടാനും പ്രശ്നം മാറ്റാനും ഹിപ്നോതെറാപ്പി കൊണ്ട് സാധിക്കുന്നതാണ് .
  ഒരു ഹിപ്നോതെറാപ്പി സെഷൻ(session) സാധാരണ ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ നീളാവുന്നതാണ്. ചില ഇമോഷണൽ പ്രശ്നങ്ങൾ , കുട്ടികളിലെ പേടി, ദേഷ്യം , പഠിക്കാനുള്ള പ്രയാസം , മുതലായവ 2-3 സെഷൻ കൊണ്ട് പരിഹരിക്കാൻ കഴിയും . കൂടുതൽ ഗൌരവകരമായ പ്രശ്നങ്ങൾക്ക് കൂടുതൽ സമയം വേണ്ടി വരും , പ്രശ്നത്തിന്റെ ഗൌരവമനുസരിച്ച് 6-8 സെഷന്റെയും അവസാനം രോഗിയെ മോഹനിദ്രയിൽ നിന്നും ഉണർത്തി ബോധാവസ്ഥ (conscious state) യിലേക്ക് കൊണ്ടുവരേണ്ടതുണ്ട് . ചില നിർദേശങ്ങളിൽ കൂടി ഇതു സാധിക്കും . ഉണരുമ്പോൾ തൃപ്തികരമാണ് എന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ രോഗിയെ പുറത്തുപോകാൻ അനുവദിക്കൂ .
  പല വികസിത രാജ്യങ്ങളിലും മാനസിക പ്രശ്നങ്ങൾക്ക് പുറമേ , വേദനയില്ലാത്ത ഓപറേഷൻ , പല്ലെടുക്കൽ, പ്രസവം , മുതലായവയ്ക്കും ഹിപ്നോതെറാപ്പി ഉപയോഗിക്കുന്നുണ്ട് . സർജറിയിൽ ഹിപ്നോസിസിൽ കൂടി ബോധം കെടുത്താനുള്ള മരുന്നിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്നു കണ്ടിട്ടുണ്ട് . 
   ഇംഗ്ലണ്ടിലും അമേരിക്കയിലും 1950 കളിൽ തന്നെ ഹിപ്നോതെറാപ്പിക്ക്  മെഡിക്കൽ അസോസിയേഷന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതാണ് .അടുത്തകാലത്ത്‌  അമേരിക്കയിലെ National  Cancer Institute കാൻസർ രോഗികളിലെ വേദന കുറയ്ക്കാൻ ഹിപ്നോതെറാപ്പി അംഗീകരിച്ചിട്ടുണ്ട് .വിയറ്റ്നാം യുദ്ധത്തിൽ മുറിവേറ്റ സൈനികരുടെ വേദനയും ക്ലേശവും കുറയ്ക്കാൻ ചില ഡോക്ടർമാർ ഹിപ്നോസിസ് ഉപയോഗിച്ചതായി അറിയുന്നു .  2-കാം ലോക മഹായുദ്ധത്തിലും ചില ജർമ്മൻ ഡോക്ടർമാർ ഹിപ്നോതെറാപ്പി ഉപയോഗിച്ചിട്ടുണ്ട്  എന്നറിയുന്നു .
   രോഗശാന്തി കൂടാതെ , പേർസണാലിറ്റി ടെവെലപ്മെന്റ്റ് (personality  development ) , ഇന്റർവ്യൂ , സ്പോർട്സ് , സ്റ്റേജ് പെർഫോമൻസ് , പബ്ലിക്‌ സ്പീക്കിംഗ് , തുടങ്ങിയ മേഖലകളിലും ഹിപ്നോതെറാപ്പി ഫലപ്രധമാണെന്ന്  കണ്ടിട്ടുണ്ട് . വികസിത രാജ്യങ്ങളിൽ പല നാഷണൽ ടീമുകളും ഒളിമ്പിക് താരങ്ങളും ഹിപ്നോസിസും ഹിപ്നോതെറാപ്പിസ്റ്റിന്റെ സേവനങ്ങളും തങ്ങളുടെ പ്രകടന നിപുണത (Performance Skill ) വർധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നുണ്ട് 

പല ഹോളിവുഡ് (hollywood) താരങ്ങളും ഹിപ്നോതെറാപ്പിസ്റ്റിന്റെ സഹായം തേടുന്നുണ്ട് . 

 ഇന്ത്യയിൽ ഹിപ്നോതെറാപ്പിയുടെ സാധ്യതകൾ പരിശോധിക്കാനും അതിനെ ഉപയോഗപ്പെടുത്താനുമുള്ള ഒരു മാനസിക സ്ഥിതി (Mindset) ഉണ്ടാകേണ്ടത്  ആവശ്യമാണ് .

ചില മിഥ്യകളും വാസ്തവങ്ങളും (some myths and truths) 
 ഹിപ്നോതെറാപ്പിയെപ്പറ്റി പല മിഥ്യാധാരണകളും പ്രചരിക്കുന്നുണ്ട് . അവയിൽ ചിലത് താഴെ കൊടുക്കുന്നു .

ഇതു ഒരു ബ്ലാക്ക് മാജിക്‌ (Black Magic)ആണ്  . അതിനു സിദ്ധാന്തപരമായോ  നിയമപരമായോ സാധുതയില്ല . ഇതു ശരിയല്ല , ഹിപ്നോതെറാപ്പി ഒരു ചികിത്സാ രീതിയായി ഇംഗ്ലണ്ടിലും അമേരിക്കയിലും പല യുറോപ്യൻ രാജ്യങ്ങളിലും അംഗീകരിചിട്ടുള്ളതാണ്.അമേരിക്കൻ മെഡിക്കൽ അസോസിയേഷനും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും 1950 - കളിൽ തന്നെ ഇതിനു അംഗീകാരം നല്കിയിട്ടുണ്ട് . ഇന്ത്യൻ ബോർഡ് ഓഫ് ആൾട്ടർനേറ്റിവ്‌  മെഡിസിൻസിന്റെ (Indian Board Of Alternative  Medicines )  അംഗീകാരവും ഉണ്ട് .


  

ഹിപ്നോസിസിൽ പോയാൽ അതിൽ നിന്നും ഉണരില്ല . ഇതിനെ ന്യായീകരിക്കുന്ന ഒരു തെളിവും ഇല്ല . ഹിപ്നോട്ടിക് നിദ്രയിൽ പോയ ആരും അതിൽ നിന്ന് ഉണരാതിരുന്നതായി അനുഭവമില്ല . ഹിപ്നോട്ടിക് അവസ്ഥയിൽ നിന്ന് സാധാരണ ഉറക്കത്തിലേക്ക് വഴുതിപ്പോകാൻ സാധ്യതയുണ്ട് .ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ സാധാരണ ബോധാവസ്തയിലേക്ക് (conscious mind) തിരിച്ചുവന്നിട്ടുണ്ടാകും .

ഹിപ്നോസിസ് ചെയ്യുമ്പോൾ ഹിപ്നോട്ടിസ്റ്റിന്റെ (Hypnotist) പൂർണ്ണ നിയന്ത്രണത്തിലാകും. അയാളെക്കൊണ്ട് എന്തും ചെയ്യാൻ സാധിക്കും .
       ഇതു ശരിയല്ല ഒരു സമയത്തും അയാൾക്കു നിയന്ത്രണം നഷ്ടപ്പെടുന്നില്ല . അയാളുടെ ആദർഷങ്ങൾ (Principles , Ethics) ക്കെതിരായ എന്തെങ്കിലും ചെയ്യുവാൻ ശ്രമിച്ചാൽ അത് ചെറുക്കാനും ഹിപ്നോസിസിൽ നിന്ന് ഉണരാനും അയാൾക്ക്‌ കഴിയും .


ഹിപ്നോസിസ് കൊണ്ട് മസ്തിഷ്കം കേടുവരും . മാനസിക സന്തുലനം നഷ്ടപ്പെടും .
     ഒരിക്കലുമില്ല , ഹിപ്നോസിസ് മസ്ഥിഷ്കത്തിനെയോ വേറെ ഏതെങ്കിലും അവയവത്തിനോ മാനസികമായോ ഒരു വിധത്തിലും ദോഷം ചെയ്യുന്നില്ല .
  
  ശരിയായ പരിശീലനം ലഭിച്ച ഒരു  വിദഗ്ധ ചികിത്സകന്റെ കയ്യിൽ  ഹിപ്നോതെറാപ്പി വളരെ ഫലപ്രദമായ , പാർശ്വഫലങ്ങൾ ഇല്ലാത്ത , സുരക്ഷിതമായ ഒരു ചികിത്സാവിധിയാണ് .