മരുന്നില്ലാതെ വേദന മാറ്റാന്‍ ഹിപ്നോതെറാപ്പി

Home / Advice / മരുന്നില്ലാതെ വേദന മാറ്റാന്‍ ഹിപ്നോതെറാപ്പി
മരുന്നില്ലാതെ വേദന മാറ്റാന്‍ ഹിപ്നോതെറാപ്പി

മരുന്നില്ലാതെ വേദന മാറ്റാന്‍ ഹിപ്നോതെറാപ്പി

ജീവതത്തില്‍ എപ്പോഴെങ്കിലും ശരീരത്തില്‍ എവിടെയെങ്കിലും വേദന അനുഭവിക്കാത്തവര്‍ ഉണ്ടായിരിക്കില്ല.   എന്നാല്‍ വേദന നിത്യസംഭവമായാലോ? അതിന്റെ ഭയാനകത ചിന്തിക്കാന്‍പോലും കഴിയില്ല.

വേദന പലതരത്തില്‍ അനുഭവപ്പെടാം.  ചുളുചുളെ കുത്തുക, വിങ്ങല്‍, നീറ്റല്‍, പൊള്ളുന്നതുപോലെ, ഇങ്ങനെ പോകുന്നു വകഭേദങ്ങള്‍.  ചിലപ്പോള്‍  അത് ഏതെങ്കിലും രോഗലക്ഷണമാകാം. അല്ലെങ്കില്‍ രോഗത്തിന്റെ  മുന്നറിയിപ്പാകാം. എങ്ങനെയുള്ളതായാലും  അസഹ്യമായ, നിരന്തരമായ  വേദന ജീവിതത്തിൻ്റെ താളം തെറ്റിക്കാനും ജീവിതേച്ഛ നശിക്കാനും കാരണമാകുന്നുണ്ട്.  മുട്ടുവേദന, നടുവേദന, സന്ധികളില്‍ വേദന, തലവേദന ഇവ സാധാരണ സംഭവമായിക്കൊണ്ടിരിക്കുകയാണ്.  മൈഗ്രേയിന്‍ പോലുള്ള  തലവേദന പലര്‍ക്കും  പേടിസ്വപ്നമായിത്തീര്‍ന്നിരിക്കുന്നു.  അതിനെ സ്ഥായിയായി  നിവാരണം ചെയ്യുന്ന ഒരു മരുന്നും ഉള്ളതായി അറിയില്ല.  ചില രോഗങ്ങള്‍ പ്രത്യേകിച്ചും കാന്‍സര്‍, ആര്‍ത്രൈറ്റിസ് മുലം നിരന്തരമായ  വേദന അനുഭവിക്കുന്ന പലരും  നമ്മുടെ ചുറ്റുപാടുമുണ്ട്.  ഇതുകൂടാതെ  ശസ്ത്രക്രിയ, പല്ലെടുക്കല്‍,. പൊള്ളലുകള്‍, ഒടിവുകള്‍, ഉളുക്ക് മുതലായവകൊണ്ട് അസഹ്യമായ വേദന ഉണ്ടാകാം. ഇതെല്ലാം  ആ മുറിവുകള്‍  മാറുന്നതോടെ  ഇല്ലാതാകും.

എന്നാല്‍ കാന്‍സര്‍,  ആര്‍ത്രൈറ്റീസ് മുതലായ രോഗങ്ങളോടനുബന്ധിച്ചുള്ള  വേദന, രോഗം കുടുന്നതിനനുസരിച്ച്  കൂടുതല്‍ ശക്തമായിത്തിരുകയും സാധാരണ വേദന നിവാരണ മരുന്നുകൊണ്ട് നിയന്ത്രിക്കാനാകാത്ത  നിലയില്‍ എത്തുകയും ചെയ്യും. മരുന്നുകളാകട്ടെ  കുറച്ചു സമയത്തേയ്ക്ക് ആശ്വാസം കിട്ടാന്‍ ഉപകരിച്ചേക്കാം. അതിനാല്‍ തുടര്‍ച്ചയായി മരുന്നുകഴിക്കേണ്ട അവസ്ഥയില്‍ രോഗി എത്തും. മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും രോഗിയെ കൂടുതല്‍ അവശയാക്കും. അതിനാല്‍ രോഗികള്‍  മരുന്നുകള്‍ കഴിക്കാന്‍  ഭയപ്പെടുന്നു.

ദീര്‍ഘകാലമായ വേദന അനുഭവിക്കുന്ന രോഗികളില്‍ ഗുരുതര പ്രതിസന്ധിയാണ് ഇത് ഉണ്ടാക്കുന്നത്. വേദനകൊണ്ട് പുളയുന്നവര്‍, മരുന്നുകളും ഉറക്കഗുളികളും കഴിച്ചിട്ടും കുറച്ചുനേരമെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്തവര്‍, നിരന്തരമായ വേദനയാല്‍ മനസു തളര്‍ന്നവര്‍, എന്തിനിങ്ങനെ ജീവിക്കണം എന്നുവരെ ചിന്തിക്കുന്നവര്‍, അങ്ങനെയുള്ളവരെ എല്ലാതരത്തിലും കാണാം.

“ഈ വേദന  സഹിക്കാന്‍ വയ്യ.  മരുന്നുകള്‍ കഴിച്ചുമടുത്തു”,  സാധാരണ  കേള്‍ക്കുന്ന ആവലാതിയാണിത്.  “ഈ മരുന്ന്  കുറച്ചു തരാമോ?”  ഇത് പലരുടെയും  ആവശ്യമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍  മരുന്നുപയോഗിക്കാതെ  വേദന മാറ്റാന്‍  കഴിയുമെങ്കില്‍  അതു വളരെ ആശ്വാസമാകും.  അത്തരം ചികിത്സാവിധിയാണു ഹിപ്നോതെറാപ്പി.

ഹിപ്നോതെറാപ്പി

മാനസികതലത്തില്‍ രോഗത്തെപ്പറ്റിയുള്ള രോഗിയുടെ വീക്ഷണരീതിയില്‍ പോസീറ്റീവ് ആയ മാറ്റങ്ങള്‍ വരുത്തി രോഗശാന്തി വരുത്താന്‍ കഴിയുമെന്നതാണു ഹിപ്നോതെറാപ്പിയുടെ അടിസ്ഥാനം. എല്ലാ രോഗങ്ങളുടെയും ഉത്ഭവസ്ഥാനം മനസാണ്. മനസുണ്ടാക്കിയതിനെ ഇല്ലാതാക്കാനും മനസിനു സാധിക്കും നമ്മുടെ ഉപബോധമനസ്സിന് അപാരമായ കഴിവുകള്‍ ഉണ്ട്. ആ കഴിവുകള്‍  ഉപയോഗിച്ച്  നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. മാനസികപ്രശ്നങ്ങള്‍ മാത്രമല്ല ശാരീരികാസ്വാസ്ഥ്യങ്ങളും  മാറ്റാം. വേദനയും മനസിന്റെ വികാരം ആണ്. അതിനാല്‍ മനസ്സിലുടെത്തന്നെ അതു മാറ്റാനും കഴിയും. ആ കഴിവാണു ഹിപ്നോതെറാപ്പി പ്രയോജനപ്പെടുത്തുന്നത്. പക്ഷേ സാധാരണ ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ആ കഴിവുകള്‍ പുറത്തുക്കൊണ്ടു വരാന്‍ സാധിക്കില്ല. എന്നാല്‍ മോഹനിദ്രയുടെ അവസ്ഥയില്‍ ഉപബോധമനസ്സുമായി സമ്പര്‍ക്കം ഉണ്ടാക്കാനും അതിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താനും കഴിയും. ഹിപ്നോട്ടീക്ക് അവസ്ഥയില്‍ ശ്രദ്ധ എകാഗ്രമാക്കുകയും മനസ്സിൻ്റെ റിസ്പ്റ്റിവിറ്റി പല മടങ്ങു വര്‍ദ്ധിക്കുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഉറങ്ങുന്നതായി തോന്നുമെങ്കിലും ഹിപ്നോട്ടീക്ക് അവസ്ഥയില്‍ തെറാപ്പിസ്റ് പറയുന്നത് രോഗി കേള്‍ക്കുകയും മനസ്സിലാക്കുകയും ഉപബോധമനസ്സിൻ്റെ തലത്തില്‍ നിന്നു പ്രതികരിക്കുകയും ചെയ്യും.

ഹിപ്നോതെറാപ്പിയില്‍ ആദ്യം രോഗിയെ ഹിപ്നോട്ടിക് അവസ്ഥയിലാക്കുന്നു. ഇതിനു പല വിധികളുണ്ട്. സാധാരണ നിലയില്‍ റിലാക്സ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കെടുത്താണു ഹിപ്നോട്ടിക് അവസ്ഥ ഉണ്ടാകുന്നത്. അതിനുശേഷം വേദനമാറ്റാനുതകുന്ന തരത്തില്‍ രോഗിയുടെ വിക്ഷണരീതിയില്‍ പോസീറ്റീവ് ആയ വ്യതിയാനങ്ങള്‍ ഉണ്ടാകാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും.   രോഗിയുടെ മനസ്സ്  ആ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമ്പോള്‍  അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ രോഗിയുടെ  വീക്ഷണത്തിലും ശരീരപ്രവര്‍ത്തനത്തിലും ഉണ്ടാകും. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തശേഷം മോഹനിദ്രയില്‍ നിന്ന് ഉണര്‍ത്തുമ്പോള്‍ വളരെ റിലാക്സ്ഡ് ആയും വേദന കുറഞ്ഞിരിക്കുന്നതായും അനുഭവപ്പെടും.

എല്ലാത്തരങ്ങളിലുമുള്ള വേദനകളിലും ഹിപ്പനോതെറാപ്പി നല്ലഫലം ചെയ്യുന്നുണ്ട്. വേദനയുടെ ഭീതിയും രോഗി വേദനയെ എങ്ങനെ കാണുന്നു എന്നു മറ്റും അനുസരിച്ചാണ് നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നത്. സാധാരണഗതിയില്‍ 2-4 പ്രാവശ്യത്തെ ചികിത്സകൊണ്ട് ഉദ്ദേശിച്ചഫലം കിട്ടും. ഓരോ പ്രാവശ്യത്തെ ചികിത്സയ്ക്കും ഒന്നുമുതല്‍ ഒന്നരമണിക്കൂര്‍ വരെ വേണ്ടിവരും മരുന്നുകള്‍ ആവശ്യമില്ല എന്നതാണ് ഈ ചികിത്സയുടെ പ്രധാന സവിശേഷത അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നില്ല. മാനസികതലത്തില്‍  പ്രവര്‍ത്തിക്കുന്നതുകൊണ്ട് ചികിത്സയുടെ ഫലം സ്ഥായിയായിരിക്കും. ഇതു വളരെ സുരക്ഷിതമായ ചികിത്സാവിധിയാണ്. സാന്ത്വന ചികിത്സയില്‍ ഹിപ്നോതെറോപ്പി വളരെ ഉപയോഗപ്രദമാണ്.

അമേരിക്കയിലും ഇംഗ്ളണ്ടിലും ഹിപ്നോതെറോപ്പിക്ക് അംഗീകാരം കിട്ടിയിട്ട് 50 വര്‍ഷത്തിലേറെയായി. ആ രാജ്യങ്ങളില്‍  ശസ്ത്രക്രിയ, ദന്തക്ഷയം, പൊള്ളല്‍, പ്രസവം, കാന്‍സര്‍ തുടങ്ങിയവയുടെ വേദന കുറയ്ക്കാന്‍ ഹിപ്നോതെറോപ്പി ഉപയോഗിക്കുന്നുണ്ട്. അടുത്തക്കാലത്ത്  അമേരിക്കയിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് കാന്‍സറിന്റെ വേദനയ്ക്ക് ഹിപ്നോതെറോപ്പി നല്ല ചികിത്സയായി  അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതിനു വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല.  ഒരു മാജിക്കോ മന്ത്രവാദമോ പോലെയാണു  ജനങ്ങള്‍ ഇതിനെ കാണുന്നത്.   ശരിയായ വിധത്തില്‍ ഉപയോഗിച്ചാല്‍ വളരെ  സാധ്യതകളുള്ള ചികിത്സാവിധിയാണ്  ഹിപ്നോതെറോപ്പി.

തയ്യാറാക്കിയത്
ഡോ. പി. ഉമാദേവി

Leave a Reply

Your email address will not be published.